ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം സിപിഐ തര്‍ക്കം മുറുകുന്നു. മുഖ്യമന്ത്രി തന്നെ പരസ്യമായി സിപിഐക്കെതിരെ രംഗത്തെത്തിയതോടെ സിപിഐ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും പരസ്യപ്രതികരണം ഉണ്ടായേക്കും.
ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ തുടങ്ങിയ വിവാദമാണ് സിപിഎം-സിപിഐക്കിടയില്‍ പരസ്യ വാക്പോരിലേക്ക് വളര്‍ന്നിരിക്കുന്നത്. ചടങ്ങില്‍ ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോഴത്തെ മുഖ്യമന്ത്രിയായിരുന്ന സിപിഐ നേതാവ് സി അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശിച്ചിരുന്നില്ല. ഇതിലെ അതൃപ്തി സിപിഐ പാര്‍ട്ടി പത്രം ജനയുഗത്തിലൂടെ പരസ്യമാക്കി. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ തമസ്കരിക്കുന്നത് ഇടത് രാഷ്ട്രീയമല്ലെന്നായിരുന്നു ജനയുഗം മുഖപ്രസംഗം. ഇതോടെ സിപിഐക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിക്കുന്നതാണ് കണ്ടത്.
ഇ.എം.എസാണ് ഭൂപരിഷ്കരണത്തിന് അടിത്തറയിട്ടതെന്നും ചരിത്രമറിയാത്തതുകൊണ്ടാണ് താന്‍ ചെയ്തത് മഹാ അപരാധമായി കാണുന്നതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇന്ന് തൃശൂരില്‍ ഭൂപരിഷ്കരണ വാര്‍ഷികാചരണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പരസ്യ വിമര്‍ശത്തോട് കാനം അതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ തര്‍ക്കം ഇനിയും രൂക്ഷമാക്കും.