Kerala

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർക്കെതിരെ പ്രതിഷേധം; ദ്വീപ് നിവാസികളുടെ നിരാഹാര സമരം തുടങ്ങി

ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികളുടെ 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാന പ്രകാരം നടക്കുന്ന നിരാഹാര സമരത്തിൽ ദ്വീപ് നിവാസികൾ വീടുകളിൽ കരിങ്കൊടി ഉയർത്തും. ദ്വീപിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ പൂർണമായും അടച്ചിടും.

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു.