Kerala

ഭക്ഷ്യവസ്തുക്കളുടെ വിതരണം ഉറപ്പ് വരുത്തണം: ലക്ഷദ്വീപിലെ പട്ടിണിയില്‍ ഇടപെട്ട് ഹൈക്കോടതി

ലക്ഷദ്വീപിലെ പട്ടിണിയില്‍ ഇടപെടലുമായി ഹൈക്കോടതി. ആവശ്യമായ അരിയും മറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് കലക്ടർ ഉറപ്പ് വരുത്തണമെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെവൈ പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ലോക്ഡൗൺ അവസാനിക്കും വരെ ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെ.കെ നാസിഹ് ആണ് കോടതിയെ സമീപിച്ചത്. ദ്വീപിലെ 80 ശതമാനം ജനങ്ങളും ദിവസക്കൂലിക്കാരാണ്. ലോക്ഡൗൺ കൂടി വന്നതോടെ അമിനി, കവരത്തി ദ്വീപുകളിലെല്ലാം ഭക്ഷ്യക്ഷാമമുള്ളതായി ഹർജിയിൽ പറയുന്നു. സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹർജി നല്‍കിയത്. ലക്ഷദ്വീപിലെ പട്ടിണി പരിഹരിക്കാനായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കവരത്തി പഞ്ചായത്ത്, കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഭക്ഷ്യക്കിറ്റുകളില്ലെങ്കില്‍ പഞ്ചായത്തിന് ഫണ്ട് അനുവദിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.