എറണാകുളം ആലുവയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റിയെ മർദ്ദിച്ച യുവതി അറസ്റ്റിൽ. കളമശേരിയിൽ ഹോസ്റ്റൽ വാർഡനായ കണ്ണൂർ സ്വദേശിനി ആര്യയെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആശുപത്രി വളപ്പിൽ മറ്റ് വാഹനങ്ങൾക്ക് മാർഗതടസമാകുന്ന വിധത്തിൽ പാർക്ക് ചെയ്ത വാഹനം മാറ്റിവച്ച സെക്യൂരിറ്റി ജീവനക്കാരനെ യുവതി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് യുവതിക്കെതിരെ കേസെടുത്തത്.ആര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
ഒക്ടോബര്‍ 1 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കുവിനെയാണ് ആര്യ മര്‍ദ്ദിച്ചത്. ആലുവയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് റിങ്കു. ആശുപത്രിയുടെ മുന്‍ വശത്ത് പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനം മാറ്റിവെച്ചതാണ് മര്‍ദ്ദനത്തിന് കാരണം.