Kerala

‘എല്‍ഡിഎഫില്‍ പ്രവര്‍ത്തനം ഒറ്റക്കെട്ടായി, യുഡിഎഫില്‍ ഏകാധിപത്യം’; വീണ്ടും വിമര്‍ശിച്ച് കെ വി തോമസ്

തൃക്കാക്കരയിലെ രാഷ്ട്രീയ ചിത്രം പൂര്‍ണമായി തെളിയുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുമെന്ന് കെ വി തോമസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കഠിനാധ്വാനിയാണെന്നും എല്‍ഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും കെ വി തോമസ് വിലയിരുത്തി. എന്നാല്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യ പ്രവണത ദൃശ്യമാകുന്നുണ്ട്. ഉമ തോമസ് മോശം സ്ഥാനാര്‍ത്ഥിയാണെന്ന് പറയുന്നില്ല എങ്കിലും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണണമായിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.

ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്നും പിന്നീട് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിയാണെന്നുമുള്ള പ്രചരണങ്ങളെ കെ വി തോമസ് തള്ളി. ഒരാള്‍ മാത്രം തീരുമാനമെടുക്കുന്ന സാഹചര്യമുളളതിനാലാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ വോട്ടറുമാരാണ് നഗരത്തിലുള്ളത്. വര്‍ഗീയമായ വിഷയങ്ങളിലല്ല അവര്‍ക്ക് താല്‍പര്യം. വോട്ടിനുവേണ്ടേി വികസനത്തെ തകര്‍ക്കരുതെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈന്‍ പദ്ധതി എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളം കളക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിക്കുക.

ഉമാ തോമസിനൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ജില്ലാ യുഡിഎഫ് കണ്‍വീനര്‍ ഡൊമിനിക് പ്രസന്റഷന്‍, ഡിസീസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുണ്ടാകും. മന്ത്രി പി രാജീവ്,എം സ്വരാജ്, സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ എന്നിവര്‍ക്കൊപ്പമാണ് ഇടതു സ്ഥാനാര്‍ഥി ജോ ജോസഫ് പത്രിക സമര്‍പ്പണത്തിനെത്തുക. ഇതുവരെ ഒരാള്‍ മാത്രമാണ് തെരെഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന.