കെ.വി.തോമസ് സാങ്കേതികമായി പാര്‍ട്ടിക്കകത്തല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്നും ട്വന്റിഫോറിനോട് മുന്നറിയിപ്പ് നല്കി. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാള്‍ എവിടെ പോയാലും പ്രശ്നമില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ചാല്‍ തുടര്‍ നടപടിയുറപ്പെന്നും കെ.സുധാകരന് പറഞ്ഞു.
കെ.വി.തോമസിന്റെ കാര്യം കഴിഞ്ഞ കഥയാണ്. അതിനി ആവര്‍ത്തിക്കാന്‍ താല്പര്യമില്ല. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്പര്യമില്ല. അദ്ദേഹം ഇടതുമുന്നണിയിലേക്ക് പോകുമോ പോകാതിരിക്കുകയോ ചെയ്യട്ടെ അതുകൊണ്ട് കോണ്‍ഗ്രസിന് എന്തു പ്രശ്നമാണുള്ളത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാണ് എവിടെ പോയാലും എന്തു പ്രശ്നമാണുള്ളതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
സാങ്കേതികമായി മാത്രം കെ.വി.തോമസ് പാര്‍ട്ടിക്ക് പുറത്തല്ല. എന്നാല്‍, സാങ്കേതികമായി പാര്‍ട്ടിക്ക് അകത്തുമല്ല. തൃക്കാക്കര നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ കെ.വി.തോമസിന് ഒരു പ്രസക്തിയുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹം എന്തു ചെയ്താലും തങ്ങള്‍ക്ക് പരാതിയില്ല. എവിടെ പോയാലും പ്രശ്നവുമില്ല. ഏത് മുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാലും ഒരു പ്രശ്നവുമില്ല. കെ.വി.തോമസ് എന്ന വിഷയത്തില്‍ തങ്ങള്‍ക്ക് താല്പര്യമില്ല. അദ്ദേഹത്തെ നാറ്റാനോ നന്നാക്കാനോ ഞങ്ങളില്ല. അങ്ങോടുള്ള കാര്യങ്ങള്‍ നോക്കി മറ്റ് തീരുമാനങ്ങള്‍ വരും. ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ല എന്ന് മാത്രമേയുള്ളുവെന്ന കെ.സുധാകരന് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പാര്‍ട്ടയില്‍ നിന്ന് പുറത്താക്കും. പക്ഷേ അദ്ദേഹം എഐസിസി മെമ്പര്‍ ആയതുകൊണ്ട് ആ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഹൈക്കമാന്‍ഡിനോട് തങ്ങള്‍ കെ.വി.തോമസിനെ പുറത്താക്കുന്ന കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുമുന്നണിക്ക് വേണ്ടി അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എന്തു നടപടി വേണമെന്ന കാര്യം ആലോചിക്കും. തെരഞ്ഞെടുപ്പില്‍ ഒരു ചെറി സ്വാധീനം പോലും ചെലുത്താന്‍ കെ.വി.തോമസിന് കഴിയില്ല. എല്‍ഡിഎഫിനൊപ്പമെന്ന കെ.വി.തോമസിന്റെ തോന്നിച്ച ഇപ്പോഴത്തെ തോന്നിച്ചയാണ്. മുന്‍പ് തോന്നിയിട്ടില്ല, കോണ്‍ഗ്രസിന്റെ എംപിയും കോണ്‍ഗ്രസിന്റെ മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആയിരുന്നപ്പോള്‍ സിപിഐഎമ്മിന്റെ വികസനത്തോട് അദ്ദേഹത്തിന് പ്രേമമുണ്ടായിട്ടില്ല. ഇപ്പോഴുണ്ടായത് പുതിയ പ്രേമമാണ്. അതാണ് ഇവിടെ പ്രശ്നം. ആ പ്രേമത്തെയാണ് തങ്ങള്‍ എതിര്‍ത്തത്. എന്നാല്‍ അപ്പോഴും ഇപ്പോഴും ആ പ്രേമം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അത് അദ്ദേഹം കൊണ്ടു നടക്കട്ടെ. അത് അദ്ദേഹത്തിന്റെ താല്പര്യമെന്നും കെ.സുധാകരന് പരിഹസിച്ചു.
നിലവില്‍ നടപടി ആവശ്യപ്പെട്ട് കെപിസിസി ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം അതുസംബന്ധിച്ച കാര്യം ആലോചിക്കും. തൃക്കാക്കരയില്‍ ഒരു ത്രികോണ മത്സരത്തിനും സാധ്യതയില്ല. തൃക്കാക്കരയില്‍ ഒരു ബിജെപി സിപിഐഎം ധാരണ ഉണ്ടായികൂടായ്കയില്ല. ബിജെപിക്ക് വേണ്ടത് കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ്. അതുകൊണ്ട് കേരളത്തില്‍ സിപിഐഎം അധികാരത്തില്‍ വരുന്നതില്‍ അവര്‍ക്ക് തര്‍ക്കമില്ല. കേരളത്തില്‍ കോണ്‍ഗ്രസ് വരാതിരിക്കുന്നതിന് ഏത് ധാരണയ്ക്കും നരേന്ദ്ര മോദിയും അമിത് ഷായും പോകുമെന്നും കെ.സുധാകരന് പറഞ്ഞു.