കെ വി തോമസിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിന് ശേഷം താരിഖ് അൻവർ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് വർഷത്തേക്കാകും സസ്‌പെൻഷനെന്നാണ് സൂചന.
പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനുള്ള നടപടി തീരുമാനിക്കാനാണ് എ.കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്നത്. രാവിലെ 11. 30 നായിരുന്നു അച്ചടക്ക സമിതി യോഗം. സിപിഐഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയർമാൻ പോലും സിപിഐഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുള്ളതും കെ.വി തോമസ് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എ.കെ ആന്റണിയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. നടപടി എന്തായാലും കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.