കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തു. കൊച്ചി സ്വദേശിനിയുടെ പരാതിയിൽ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ മജീദ് ഏജന്റുമാരായ അജു , ആനന്ദ് എന്നിവർക്കെതിരെയാണ് പരാതി. കുവൈത്തിൽ നാലിടങ്ങളിലായി അടിമവേല ചെയ്യേണ്ടി വന്നുവെന്ന് യുവതി ട്വന്റിഫോറിനോട് പറഞ്ഞു. രക്ഷപ്പെടാൻ അമ്പതിനായിരം രൂപ നൽകിയെന്നും ഭീഷണി ഭയന്നാണ് ഇത്രയും നാൾ പരാതി നൽകാത്തതെന്നും പരാതിക്കാരി വ്യക്തമാക്കി.
‘അറബിയുടെ വീട്ടിൽ അഞ്ച് ദിവസമായപ്പോഴേക്കും അവശയാകുന്ന രീതിയിലായിരുന്നു അവിടുത്തെ ജോലി. എഴുനേറ്റ് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി. എഴുനേൽക്കാൻ പറഞ്ഞിട്ട് സാധിക്കാതിരുന്നതോടെ ഷൂ ഇട്ട് ദേഹത്ത് ചവിട്ടി, അടിച്ചു, ഇടിച്ചു, തലയിൽ വെള്ളമൊഴിച്ചു. തണുക്കുന്നു എന്ന് പറഞ്ഞപ്പോൾ വെയിലത്ത് കൊണ്ടുപോയി നിർത്തി. അവിടെ പോയിട്ട് രക്തസമർദം കൂടി. അതിനിടെ മൂക്കിൽ നിന്ന് രക്തം വന്നു. പക്ഷേ എന്നെ ചികിത്സിക്കാൻ അറബിയോ, ഏജന്റോ തയാറായിരുന്നില്ല. ഈ അസുഖവും വച്ചാണ് പണിയെടുത്തത്. കാശ് കൊടുത്താണ് എന്നെ വാങ്ങിയതെന്നും, അതുകൊണ്ട് പറയുന്ന പണിയെല്ലാം എടുക്കണമെന്നും അറബി പറഞ്ഞു’- യുവതി പറയുന്നു.
ചോറ്റാനിക്കര ക്ഷേത്രത്തിനടുത്തുള്ള ഒരു പോസ്റ്റിൽ പതിച്ചിരുന്ന പരസ്യത്തിൽ ആനന്ദ് എന്ന വ്യക്തിയാണ് നമ്പറായിരുന്നു. ആനന്ദിനേയും മറ്റ് രണ്ട് വനിതാ ഏജന്റുമാരേയുമാണ് തനിക്ക് അറിയുന്നതെന്നും യുവതി ട്വന്റിഫോറിനോട് വ്യക്തമാക്കി.