India Kerala

കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് എമ്മിലെ ഇരു ഗ്രൂപ്പുകളും രംഗത്ത്

കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് എമ്മിലെ ഇരു ഗ്രൂപ്പുകളും രംഗത്ത്. സ്ഥാനാർത്ഥിയെ നിർണ്ണയിക്കാൻ ജോസ് വിഭാഗം കുട്ടനാട്ടിൽ പ്രത്യേക ഉപസമിതി യോഗം ചേർന്നു. സീറ്റ് വെച്ചു മാറാൻ തയ്യാറല്ലെന്ന് ജോസഫ് വിഭാഗവും വ്യക്തമാക്കി. ജോസ്-ജോസഫ് ഗ്രൂപ്പുകളുമായി ശനിയാഴ്ച കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. തമ്മിലടിച്ച് പാലാ ആവർത്തിക്കരുതെന്ന് കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ കേരള കോൺഗ്രസ്സിലെ ഇരു വിഭാഗത്തോടും കോൺഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു.

വിജയസാധ്യത മുൻനിർത്തിയാണ് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്സ് ആലോചിക്കുന്നത്. എന്നാൽ ജോസ് കെ. മാണി വിഭാഗം സീറ്റ് തങ്ങളുടേതാണെന്ന അവകാശവാദവുമായി മുന്നോട്ട് പോവുകയാണ്. സ്ഥാനാർത്ഥികളെ കണ്ടെത്താൻ പ്രത്യേക ഉപസമിതി യോഗം കുട്ടനാട്ടിൽ ചേർന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജ് അധ്യാപകൻ ഷാജോ കണ്ടകുടി, ജില്ലാപഞ്ചായത്തംഗം ബിനു ഐസക്ക് രാജു എന്നിവരെ സ്ഥാനാർത്ഥി പരിഗണനയ്ക്കായി ഹൈപ്പവർ കമ്മിറ്റിക്ക് വിട്ടു.

സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി.ജെ ജോസഫും. അതേ സമയം കൂട്ടനാട് സീറ്റ് സംബന്ധിച്ച് ആശങ്കയില്ലെന്നും ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും കെ.പി.സി.സി അധ്യക്ഷൻ തിരുവനന്തപുരത്ത് പറഞ്ഞു. ഈ മാസം 29 ന് കൊച്ചിയിൽ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഇരുവിഭാഗവുമായി കോൺഗ്രസ് പ്രത്യേകം ചർച്ച നടത്തും. വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണമെന്നതാണ് പ്രധാന ആവശ്യം.