കുട്ടനാട്ടിൽ ബലാബലം പരീക്ഷിച്ച് കേരള കോൺഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങൾ. ഒരേ ദിവസം രണ്ടിടത്തായി കർഷക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉപവാസവും കൺവെൻഷനും സംഘടിപ്പിച്ചു. അതിനിടെ പി.ജെ.ജോസഫ് പങ്കെടുത്ത പരിപാടിയിൽ ഡി.സി.സി പ്രസിഡന്റ് എം ലിജു പങ്കെടുത്തത് ജോസ് വിഭാഗത്തിന് അതൃപ്തിയുണ്ടാക്കി.
കുട്ടനാട് സീറ്റിനു വേണ്ടിയുള്ള പോർവിളികൾ കനക്കുന്നതിനിടെയാണ് ഇരു വിഭാഗവും കർഷക പ്രശ്നമുന്നയിച്ച് പരിപാടികൾ സംഘടിപ്പിച്ചത്. ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന ജേക്കബ് എബ്രഹാം രണ്ടാം കുട്ടനാട് പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മങ്കൊമ്പിൽ ഉപവാസം നടത്തി. കർഷകർക്ക് വേണ്ടിയായിരുന്നെങ്കിലും ലക്ഷ്യം രാഷ്ട്രീയം തന്നെ. ഉദ്ഘാടകനായി എത്തിയ പി.ജെ. ജോസഫ് സീറ്റ് ആർക്കും വിട്ടു കൊടുക്കില്ലെന്ന് ആവർത്തിച്ചു.
കർഷക പ്രശ്നങ്ങൾ കാണാത്ത സർക്കാരിനെതിരെ സമര പ്രഖ്യാപന കൺവെൻഷനാണ് ജോസ് .കെ മാണി വിഭാഗം രാമങ്കരിയിൽ സംഘടിപ്പിച്ചത്. കുട്ടനാട് സീറ്റിലേക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് ജോസ് .കെ മാണി ആയിരിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് തോമസ് ചാഴിക്കാടൻ എം.പി. പറഞ്ഞു.
അതിനിടെ പി.ജെ.ജോസഫ് പങ്കെടുത്ത പരിപാടിയിൽ മാത്രം ഡി.സി.സി പ്രസിഡൻറ് എം. ലിജു പങ്കെടുത്തത് വിവാദമായി. എന്നാൽ തങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടവരെല്ലാം എത്തിയെന്നും പുറത്ത് നിന്നാരെയും വിളിച്ചില്ലെന്നുമാണ് ഇതിന് ജോസ് .കെ മാണി വിഭാഗം നൽകിയ മറുപടി. ഡി.സി.സി പ്രസിഡന്റു കൂടി പരിപാടിയിൽ പങ്കെടുത്തതോടെ യു.ഡി.എഫ് അംഗീകരിക്കുന്ന കേരള കോൺഗ്രസ് തങ്ങളുടേതാണെന്ന വിശ്വാസത്തിലാണ് ജോസഫ് വിഭാഗം