കുട്ടനാട് സീറ്റ് സംബന്ധിച്ച് യു.ഡി.എഫ് നേതാക്കൾ പി.ജെ ജോസഫ് വിഭാഗവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായില്ല. ചർച്ച തുടരുമന്നും സീറ്റ് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നും ചർച്ചക്ക് ശേഷം പി.ജെ ജോസഫ് പറഞ്ഞു. നാളെയും ചർച്ച നടത്താനാണ് യു.ഡി.ഫിന്‍റെ തീരുമാനം.
പ്രതിപക്ഷ നേതാവിനെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്‍റ് ഹൗസിൽ നാലുമണിക്കൂർ നീണ്ട ചർച്ചയാണ് നടന്നത്. എന്നാൽ സീറ്റ് സംബന്ധിച്ച് പി.ജെ ജോസഫ് ഉറച്ച് നിന്നതായാണ് സൂചന. എന്നാൽ കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കം കാരണം ഇനിയൊരു തോൽവി മുന്നണിക്ക് താങ്ങാനാവില്ലെന്നും അതിനാൽ സീറ്റ് സംബന്ധിച്ച വിട്ടുവീഴ്ച വേണമെന്നുമായിരുന്നു പി.ജെ ജോസഫിനോട് ആവശ്യപ്പെട്ടത്.
എന്നാൽ ചർച്ചയിൽ അന്തിമ ധാരണയുണ്ടാക്കാനാവാതെ പിരിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം.കെ മുനീർ, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. പി.ജെ ജോസഫ്, മോൻസ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയവർ ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നു. കേരള കോൺഗ്രസിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സീറ്റ് ഏറ്റെടുക്കണമെന്നാനാണ് കോൺഗ്രസ് നേതാക്കളുടെ പൊതുഅഭിപ്രായം. ജോസ് കെ. മാണി വിഭാഗവുമായി ഈ ആഴ്ച തന്നെ ചച്ച നടത്തിയേക്കും.