കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥി ആരെന്ന് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും. തോമസ് കെ. തോമസ്, സലീം പി മാത്യു എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. ഒരു പേര് മാത്രം നിര്‍ദ്ദേശിച്ചാല്‍ മതിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ നേതൃയോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മൂന്ന് പേരടങ്ങുന്ന സമിതിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചുമതല നല്‍കിയത്. ടി പി പീതാംബരന്‍, എ കെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ഇവര്‍ ഈ ആഴ്ച തന്നെ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.
തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്,സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം പി മാത്യു എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.ടിപി പീതാംബരന്‍ അടങ്ങുന്ന ഒരു വിഭാഗം തോമസ് കെ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യമാണ് മുന്നോട്ട് വച്ചിട്ടുള്ളത്. എന്നാല്‍ സലീം പി മാത്യുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. എന്തായാലും ഒരു പേര് മാത്രം നിര്‍ദ്ദേശിച്ചാല്‍ മതിയെന്ന് കേന്ദ്രനേതൃത്വം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇവരില്‍ ഒരാളിലേക്ക് സംസ്ഥാന നേതൃത്വം എത്താനാണ് സാധ്യത. രാഷ്ട്രീയ പാരമ്പര്യമുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കമെന്ന് സിപിഎം നിലപാട് കൂടി പരിഗണിക്കപ്പെട്ടാല്‍ സലീം പി മാത്യുവിന് സാധ്യത കൂടും
അതിനിടെ ബി.ഡി.ജെ.എസ് സുഭാഷ് വാസു വിഭാഗം ഇന്ന് കുട്ടനാട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. സുഭാഷ് വാസു, ടി.പി.സെൻകുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അതേസമയം ബി ഡി ജെ എസ് ഔദ്യോഗിക വിഭാഗവും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ബിഡിജെഎസിലെ രണ്ടു വിഭാഗവും സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഉറപ്പായതോടെ ആശങ്കയിലായിരിക്കുകയാണ് ബിജെപി.
അതിനിടെ എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ മൈക്രോഫിനാൻസ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുൻ യൂനിയൻ പ്രസിഡൻറ് സുഭാഷ് വാസുവിനെയടക്കം അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ ചട്ടപ്രകാരം മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈകോടതി അറിയിച്ചു. തട്ടിപ്പു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിൽ പ്രതികളായ സുഭാഷ് വാസു അടക്കമുള്ളവര്‍ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അശോക് മേനോന്റെ ഇടക്കാല ഉത്തരവ്. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യം അനുവദിക്കാതിരുന്ന കോടതി അറസ്റ്റിന് മുമ്പ് ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥ പാലിക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു. ഹരജിയിൽ സർക്കാറിന് വിശദീകരണം നൽകാൻ രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.