കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർഥിയെ ഇന്നു പ്രഖ്യാപിച്ചേക്കും. സ്ഥാനാർഥിയെ തീരുമാനിക്കാൻ എൻ.സി.പി നേതൃയോഗങ്ങൾ തിരുവനന്തപുരത്ത് ചേരും. പല പേരുകളും പരിഗണനയിൽ ഉണ്ടെങ്കിലും തർക്കമൊഴിവാക്കി ഒറ്റപ്പേരുമായി എത്താനാണ് കേന്ദ്ര നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.
തോമസ് ചാണ്ടി അന്തരിച്ചപ്പോൾ ഒഴിവ് വന്ന കുട്ടനാട് സീറ്റ് എൻ.സി.പി.ക്കു തന്നെ നൽകാൻ ഇടതുമുന്നണി നേരത്തേ തീരുമാനിച്ചിരിന്നു. എന്നാൽ സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസിനെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായം കുടുബത്തിനും എൻ.സി.പി.യിലെ ഒരു വിഭാഗം നേതാക്കൾക്കുമുണ്ട്.
എന്നാൽ സീറ്റ് കുടുംബ സ്വത്ത് അല്ലെന്ന നിലപാടാണ് എതിർപക്ഷത്തിനുള്ളത്. സംസ്ഥാന ജനറൽ സെക്രട്ടറിയും തോമസ് ചാണ്ടിയുടെ അടുപ്പക്കാരനുമായിരുന്ന സലിം പി. മാത്യുവിനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടാണ് ഈ വിഭാഗത്തിനുള്ളത്. ദേശീയ സെക്രട്ടറി ജോസ് മോന്‍റെ പേരും പരിഗണനയിലുണ്ട്.
വൈകിട്ട് ചേരുന്ന നേതൃയോഗങ്ങളിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. ആദ്യം സംസ്ഥാന ഭാരവാഹി യോഗവും അതിനു ശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റിയും ചേരുന്നത്. ഭാരവാഹി യോഗത്തിൽ സമവായമുണ്ടായാൽ ഇന്നു തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും.