Kerala

കുതിരാന്‍ രണ്ടാം തുരങ്കം 12 മണിക്ക് ഗതാഗതത്തിനായി തുറക്കും; ടോള്‍ പിരിവ് ഉണ്ടാകില്ലെന്ന് മന്ത്രി റിയാസ്

കുതിരാന്‍ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്ന് നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുരങ്കം തുറക്കുക. തൃശ്ശൂരില്‍ നിന്ന് പാലക്കാടേക്കുള്ള വാഹനങ്ങള്‍ രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടും. ഒന്നാം തുരങ്കത്തിലെ രണ്ടുവരി ഗതാഗതം ഇന്ന് മുതല്‍ ഒഴിവാക്കാനാണ് തീരുമാനം. തുരങ്കം പൂര്‍ണമായി തുറക്കാതെ കുതിരാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. രണ്ടാം തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി തൃശൂര്‍ ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു.

തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ തയാറാണെന്നും കരാര്‍ കമ്പനി നേരത്തെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാല്‍ തുരങ്കം തുറന്നാലുടന്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള കരാര്‍ കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകള്‍ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാല്‍ ഇതുവഴി പുറത്തു കടത്താം. നേരത്തെ രണ്ടാം തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്‌സ് വിഭാഗത്തിന്റെ അനുമതി കിട്ടിയിരുന്നു. തുരങ്കത്തിലെ അപകട,പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കി. പിന്നാലെ രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡിനായി പാറ പൊട്ടിക്കുകയും ചെയ്തിരുന്നു.