India Kerala

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്; കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ബിഷപ്പിനെതിരായ പീഡനക്കേസില്‍ പരാതിക്കാരി അടക്കമുള്ള അഞ്ച് കന്യാസ്ത്രീമാര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഡി.ജി.പിക്കും വനിത കമ്മീഷനും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

സ്ഥലംമാറ്റ ഉത്തരവ് പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവര്‍ പാലിച്ചിരുന്നില്ല. പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കൊപ്പം കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാനായിരുന്നു ഇവരുടെ തീരുമാനം. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്ത്യശാസനവും നല്‍കിയത്. സ്ഥലംമാറ്റം അടക്കമുളള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മിഷണറീസ് ഓഫ് ജീസസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പരാതി നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയതിനാണ് കന്യാസ്ത്രീകളെ സ്ഥലം മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ ആല്‍ഫിനെ ചത്തീസ്ഗഢിലേക്ക് മാറ്റിയപ്പോള്‍ മറ്റൊരാളെ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്. ജനുവരി മൂന്നിന് പുറപ്പെടുവിച്ച സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ജനുവരി പത്തിനാണ് കന്യാസ്ത്രീകള്‍ക്ക് കൈമാറിയത്. കേസ് തീരാതെ കുറുവിലങ്ങാട് മഠത്തില്‍ നിന്നും പോകില്ലെന്ന് കന്യാസ്ത്രീകള്‍ നേരത്തെ അറിയിച്ചിരുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീയും ഒറ്റയ്ക്കും മറ്റുള്ള നാല് പേര്‍ ഒന്നിച്ചുമാണ് മുഖ്യമന്ത്രി പരാതി നല്‍കിയിരിക്കുന്നത്. പല സ്ഥലങ്ങളിലേക്ക് തങ്ങള്‍ സ്ഥലംമാറിപോയാല്‍ കേസിന്റെ വിചാരണയെ ഇത് ബാധിക്കും. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം പോലും നല്‍കുന്നില്ലെന്ന് കത്തില്‍ പറയുന്നുണ്ട്. കൂടാതെ പ്രധാനസാക്ഷിയായ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ മരണപ്പെട്ടതിന് സമാനമായ രീതിയില്‍ തങ്ങളെയും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. ആയതിനാല്‍ മഠത്തില്‍ തുടരാന്‍ സുരക്ഷ ഒരുക്കണമെന്നാണ് കന്യാസ്ത്രീമാരുടെ ആവശ്യം. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് ഡി.ജി.പിക്കും വനിത കമ്മീഷനും നല്‍കിയിട്ടുണ്ട്.

കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍കെയാണ് പ്രധാന സാക്ഷികളെ സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാനുള്ള ഈ നീക്കം. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇവര്‍ക്ക് സുരക്ഷ നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്.