കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീഗെന്ന് കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇപി ജയരാജന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സിപിഐഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീഗിലും യാതൊരു ആശയക്കുഴപ്പവുമില്ല. ചക്കിന് വെച്ചത് കൊക്കിനുകൊണ്ട അവസ്ഥയിലാണ് സിപിഐഎമ്മെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയിൽ ഉപയോഗിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. ലീഗ് ഇടതു മുന്നണിയിലേക്ക് പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറല്ല. സിപിഎം ന്യൂനപക്ഷ രക്ഷകരായി കപട വേഷം ധരിക്കുകയാണ്. ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാക്കുകയാണവർ ചെയ്യുന്നത്.
മലപ്പുറം ലീഗ് ഹൗസിൽ മുസ്ലിംലീഗിന്റെ അടിയന്തര യോഗം ചേരുകയാണ്. പാർട്ടിയുടെ പ്രവർത്തന ഫണ്ടുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുന്നതെങ്കിലും ഇപി ജയരാജന്റെ പ്രസ്താവനയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
മുസ്ലിംലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിവാദ പ്രസ്താവനയുടെ പേരിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എൽ.ഡി.എഫ് കൺവീനർ ഇപി ജയരാജന് രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇപിയുടെ പ്രസ്താവന അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. സംഭവം വിവമാദമായതോടെ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഇപി ജയരാജൻ രംഗത്തെത്തിയിരുന്നു. ലീഗ് ഇല്ലാതെയാണ് എൽഡിഎഫ് അധികാരത്തിലെത്തിയതും തുടർഭരണം നേടിയതുമെന്നും എൽഡിഫ് കൺവീനർ വ്യക്തമാക്കിയിരുന്നു.
എല്‍ഡിഎഫിന്റെ മുന്നണി വിപുലീകരണം സൂചിപ്പിച്ച ഇപി ജയരാജന്റെ പരാമര്‍ശത്തില്‍ സിപിഐഎം-സിപിഐ നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് പരസ്പരം പറയുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഇടതുപക്ഷ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് ഇപി ജയരാജന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വര്‍ഗീയത രാജ്യത്തെ ഐക്യം തകര്‍ക്കുന്നുവെന്നും വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒന്നിനും കഴിവില്ലാതായതില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്ക് അതൃപ്തിയുള്ള പശ്ചാത്തലത്തില്‍ മുന്നണി പ്രവേശനത്തിന് അനുകൂലമായി ലീഗ് നിലപാടറിയിച്ചാല്‍ വിഷയം പരിശോധിക്കുമെന്നും ഇപി ജയരാജന്‍ സൂചിപ്പിച്ചിരുന്നു.