പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗില്‍ സമ്മര്‍ദം ശക്തമാക്കി. എന്നാല്‍ വാശിപിടിച്ച് വാങ്ങിയ ലോക്‌സഭാ സീറ്റില്‍ നിന്നും കുഞ്ഞാലിക്കുട്ടി രാജിവെക്കുന്നത് അണികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്ന നിലപാടാണ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ക്കുള്ളത്. ലോക്സഭാ സീറ്റ് രാജിവെച്ച് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിൽ പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയും മുതിര്‍ന്ന നേതാവുമായ പി.വി അബ്ദുല്‍ വഹാബിനും താൽപര്യമില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് വിജയിച്ച കുഞ്ഞാലിക്കുട്ടി, നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമാകാനിരിക്കെയാണ് പഴയ തട്ടകത്തിലേക്ക് മടങ്ങാന്‍ വേണ്ടി പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദനീക്കം നടത്തുന്നത്. കുഞ്ഞാലിക്കുട്ടി ഒരു വര്‍ഷം കാത്തിരിക്കണമെന്നും അതിനുശേഷം ആലോചിക്കാമെന്നുമാണ് ഹൈദരലി തങ്ങളുടെ നിലപാട്. വഹാബിനും ഇതേനിലപാട് തന്നെയാണുള്ളത്. എന്നാല്‍ ആവശ്യത്തില്‍ നിന്നും പിന്‍മാറാൻ തയ്യാറാകാതെ പലവിധത്തിലുള്ള സമ്മര്‍ദ നീക്കങ്ങളാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നത്. രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും പാണക്കാട് കുടുംബവുമായി അടുപ്പമുള്ളവരെയും ഉപയോഗിച്ചാണ് ഹൈദരലി തങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. തങ്ങളുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന വഹാബ് വിഷയത്തില്‍ തനിക്കൊപ്പം നില്‍ക്കാത്തതില്‍ കുഞ്ഞാലിക്കുട്ടിക്ക് അമര്‍ഷമുണ്ട്.
യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കത്തിനു പിന്നില്‍. തനിക്കല്ലാതെ ലീഗിലെ മറ്റാര്‍ക്കും ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസ് വകവെച്ചുതരില്ലെന്നും അതിനാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് മടങ്ങേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി വാദിക്കുന്നു. താന്‍ രാജിവെച്ച് മലപ്പുറം ലോക്സഭാ സീറ്റില്‍ ഒരു യുവാവിനെ മത്സരിപ്പിച്ചാല്‍ യൂത്ത് ലീഗിന്റെ താല്‍പര്യം കൂടി പരിഗണിക്കപ്പെടുമെന്ന ന്യായം കൂടി കുഞ്ഞാലിക്കുട്ടി നേതാക്കള്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ തനിക്കുപകരമായി ലോക്‌സഭയിലേക്ക് മത്സരിക്കട്ടെ എന്ന നിലപാടും കുഞ്ഞാലിക്കുട്ടിക്കുണ്ട്. ഇക്കാര്യത്തില്‍ മുനവ്വറലിയോട് കുഞ്ഞാലിക്കുട്ടി ആശയവിനിമയം നടത്തിയെന്നാണ് വിവരം. തന്റെ താല്പര്യത്തിന് തടസ്സം സൃഷ്ടിക്കുന്നത് വഹാബാണെന്ന തോന്നല്‍ കുഞ്ഞാലിക്കുട്ടിയില്‍ ശക്തമാണ്. അതിനിടെ, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് നിന്നും മത്സരിച്ച് മന്ത്രിസഭയിലെ രണ്ടാമനാകാന്‍ പി.വി അബ്ദുല്‍ വഹാബ് ശ്രമിക്കുന്നുവെന്ന പ്രചാരണവുമുണ്ടായി.
നിലമ്പൂരിലെ പ്രളയ പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച പി.വി അബ്ദുല്‍ വഹാബിന്റെ പ്രസംഗം വിവാദമായത് ഈ പശ്ചാത്തലത്തിലാണ്. സാമൂഹ്യമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയാക്കിയത് കുഞ്ഞാലിക്കുട്ടിക്കൊപ്പം നില്‍ക്കുന്നവരാണ്. വ്യവസായി കൂടിയായ പി.വി അബ്ദുല്‍വഹാബ് സമാനമായ നിരവധി പ്രസംഗങ്ങളും ഇടപെടലുകളും നേരത്തേയും നടത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടി അതൊന്നും ഗൗരവമായി കണ്ടിട്ടില്ല. ഇത്തവണ പാണക്കാട് കുടുംബത്തിലെ ബഷീറലി തങ്ങള്‍ വഹാബിനെതിരെ പരസ്യമായി രംഗത്തുവരുന്ന സാഹചര്യമുണ്ടായി. ബഷീറലി തങ്ങളെ രംഗത്തിറക്കിയതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുണ്ടെന്ന പരാതി വഹാബിനുണ്ട്. ബഷീറലി തങ്ങള്‍ നടത്തിയ പ്രതികരണത്തെക്കുറിച്ച് ഹൈദരലി തങ്ങള്‍ നേരിട്ട് അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം. വഹാബിനെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയും രംഗത്തുവന്നു.
വഹാബിനെതിരെയും അനുകൂലമായും സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടി അണികള്‍ തന്നെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായതോടെ ഇരുനേതാക്കളും തമ്മിലുള്ള പോരിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നത്തില്‍ ഹൈദരലി തങ്ങള്‍ ഇടപെടുമെന്നാണ് കരുതപ്പെടുന്നത്.