Kerala

പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതില്‍ റിപ്പോര്‍ട്ട് തേടി ഡിജിപി; ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷിക്കും

കുണ്ടറ പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതില്‍ ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് റിപ്പോര്‍ട്ട് തേടി ഡിജിപി അനില്‍കാന്ത്. പരാതി ലഭിച്ച് 22 ദിവസമായിട്ടും കേസെടുക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരിയും പിതാവുമടക്കം പൊലീസിനെതിരെ ആരോപണമുയര്‍ത്തുകയും ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് തോമസ് കെ തോമസ് എംഎല്‍എയും ട്വന്റിഫോറിനോട് പ്രതികരിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി നടപടി എടുക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു.

അതേസമയം വിഷയം വിവാദമായതോടെ രണ്ട് പേര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍സിപി നേതാവ് ജി പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നുമാണ് വിഷയത്തില്‍ എ കെ ശശീന്ദ്രന്റെ വിശദീകരണം. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. വിളിക്കാനും സംസാരിക്കാനും സ്വാതന്ത്ര്യമുള്ള നേതാവിനെയാണ് ഫോണില്‍ വിളിച്ചതെന്നും മന്ത്രി പ്രതികരിച്ചു.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു. കേസ് നല്‍കുന്നതിന് മുന്‍പ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി പറഞ്ഞു. മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കൊല്ലത്തെ എന്‍സിപി പ്രാദേശിക നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. എന്‍സിപി നേതാവ് പത്മാകരന്‍ യുവതിയുടെ കൈക്ക് കയറി പിടിച്ചെന്നാണ് പരാതി.