HEAD LINES Kerala

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.

1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ​ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. മലയാളത്തിന് പുറമേ തെലുങ്കു, തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു.