Kerala

‘ഒരു ജനശതാബ്ദിയോ രാജധാനിയോ മതിയാകില്ല’; കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ക്ക് ഇനിയും വേഗത വേണമെന്ന് കുഞ്ചെറിയ പി ഐസക്ക്

കേരളത്തിലെ ഗതാഗതവികസനത്തിന് ഉത്തമ പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് കേരളത്തിലെ സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി ഐസക്ക് സില്‍വര്‍ലൈന്‍ സംവാദത്തില്‍. വേഗത്തില്‍ യാത്ര ചെയ്യാനുള്ള ഒരു സംവിധാനം കേരളത്തിന് അത്യാവശ്യമാണ്. ഗതാഗത വികസന വിഷയത്തില്‍ കേരളം ഏറെ പിന്നിലാണ്. ഒരു ജനശതാബ്ദിയോ രാജധാനിയോ മാത്രം കൊണ്ട് വികസനം സാധ്യമാക്കാനാകില്ലെന്നും കെ റെയിലിന് അനുകൂലമായി കുഞ്ചെറിയ പി ഐസക്ക് പറഞ്ഞു.

കേരളത്തിന്റെ ഗതാഗതരംഗം വികസിക്കുന്നതിലൂടെ സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാകും. എക്‌സ്പ്രസ് ഹൈവേയുടെ അവസ്ഥ ഇനിയും കേരളത്തിലുണ്ടാകരുത്. മികച്ച ഗതാഗത സൗകര്യം ഒരുക്കിയാല്‍ എല്ലാ രംഗത്തും കുതിച്ചുചാട്ടമുണ്ടാകും. 40 കിലോമീറ്റര്‍ വേഗതയില്‍ പോയാല്‍ മതിയോ എന്ന് ചിന്തിക്കേണ്ടതുണ്ട്. കെ റെയിലിനൊപ്പം റോഡുകളും വികസിക്കുന്നതോടെ ഗതാഗതസംവിധാനം മെച്ചപ്പെടുമെന്നും അത് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ലൈന്‍ ഭാവിയില്‍ ഫീഡര്‍ ലൈനായി മാറുമെന്ന് മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍ പറഞ്ഞു. ഭാവിയിലേക്ക് കൂടി കണക്കാക്കേണ്ട പദ്ധതിയാണിതെന്നും സുബോധ് ജെയിന്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കവെയായിരുന്നു സുബോധ് ജെയിന്റെ പരാമര്‍ശം.

സില്‍വര്‍ലൈനിന് വേണ്ടിയെടുക്കുന്ന വായ്പയില്‍ ആശങ്കവേണ്ടെന്നും കേരളം തിരിച്ചടവിന് പ്രാപ്തിയുള്ള സംസ്ഥാനമാണെന്നും സുബോധ് ജെയിന്‍ പറഞ്ഞു. ഭാവിയിലേക്കുള്ള പദ്ധതിയാണ് സില്‍വര്‍ലൈനെന്നും സുബോധ് ജെയിന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സില്‍വര്‍ലൈനിന് പകരം പാതയിരട്ടിപ്പിക്കലും, റെയില്‍വേ വികസനവുമാണ് വേണ്ടതെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു. കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആര്‍വിജി മേനോന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദത്തിലായിരുന്നു ആര്‍വിജി മേനോന്റെ പരാമര്‍ശം. റെയില്‍ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു.