India Kerala

നടിയെ അക്രമിച്ച കേസ്: മുകേഷ്, റിമി ടോമി, കുഞ്ചാക്കോ ബോബൻ എന്നിവരുടെ വിസ്താരം ഇന്ന്

നടിയെ അക്രമിച്ച കേസിൽ ചലച്ചിത്ര താരങ്ങളുടെ വിസ്താരം ഇന്നും തുടരും. നടനും എം.എൽ.എയുമായ മുകേഷ്, ഗായിക റിമി ടോമി, കുഞ്ചാക്കോ ബോബൻ എന്നിവരുടെ വിസ്താരമാണ് കൊച്ചി സി.ബി.ഐ കോടതിയില്‍ ഇന്ന് നടക്കേണ്ടത്.

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ നിര്‍ണായക സാക്ഷികളുടെ വിസ്താരണമാണ് വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സാക്ഷി വിസ്താരത്തിനായി ഇന്ന് ഹാജരാകേണ്ടത് മുകേഷ്, റിമി ടോമി എന്നിവരാണ്. നിയമസഭ നടന്നുകൊണ്ടിരിക്കുന്നതിനാൽ എം.എൽ.എയായ മുകേഷ് അവധി അപേക്ഷ നൽകിയേക്കും. നടന്‍ കുഞ്ചാക്കോ ബോബനോട് കഴിഞ്ഞ ദിവസം ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. തുടർന്ന് കോടതി വാറൻറ് പുറപ്പെടുവിച്ച് നാളെ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.