തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍.എസ്.എസ്. കുമ്മനം രാജശേഖരനെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുകൊണ്ട് വരണമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആര്‍.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പാലക്കാട് എത്തിയ അമിത് ഷാ ബി.ജെ.പി നേതാക്കളെ ഒഴിവാക്കിയാണ് ആര്‍.എസ്.എസ് നേതാക്കളുമായി കൂടികാഴ്ച നടത്തിയത്. ആര്‍.എസ്.എസ് നേതാക്കളായ ഹരി കൃഷ്ണന്‍, എം.രാധാകൃഷ്ണന്‍, പി.എന്‍ ഈശ്വരന്‍ എന്നിവരാണ് അമിത് ഷായുമായി ചര്‍ച്ച നടത്തിയത്.
കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നാണ് ആര്‍.എസ്.എസ് നേതാക്കള്‍ മുന്നോട്ട് വെച്ചത്. ബി.ജെ.പിക്ക് അകത്തെ തമ്മിലടി പരിഹരിക്കമെന്നും ആര്‍.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസും അമിത് ഷായുമായി ചര്‍ച്ച നടത്തി. പി.സി തോമസ് കോട്ടയം സീറ്റില്‍ മത്സരിക്കുന്നതില്‍ ബി.ജെ.പി നേതൃത്വത്തിന് അതൃപ്തിയുള്ള പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
ശബരിമല വിഷയം തന്നെയാണ് ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി 4 ജനറല്‍ സെക്രട്ടറിമാരുടെ യാത്ര, യുവമോര്‍ച്ചയുടെ ബൈക്ക് റാലി, കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചവരുടെ സംഗമം തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.