India Kerala

കൂടത്തായി കൊലപാതകങ്ങള്‍; പൊട്ടാസ്യം സയനൈഡിന്‍റെ അംശം മൃതദേഹങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്നത് വലിയ വെല്ലുവിളിയെന്ന് ഡിജിപി

തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതകങ്ങള്‍ കേരള പൊലീസിന് മുന്നിലെ വെല്ലുവിളിയാണെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളിയെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതിനായി ആവശ്യമെങ്കില്‍ വിദേശത്ത് ഡിഎന്‍എ പരിശോധന നടത്തുമെന്നും ഡിജിപി പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്ബരയില്‍ മുഖ്യ പ്രതി ജോളി പിടിയിലായെങ്കിലും അന്വേഷണ സംഘം വെല്ലുവിളി നേരിടുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതകങ്ങള്‍ തെളിയിക്കാന്‍ ശാസ്ത്രീയ അടിത്തറ ഉണ്ടാക്കുകയാണ് പ്രധാന വെല്ലുവിളി. പൊട്ടാസ്യം സയനൈഡിന്‍റെ അംശം മൃതദേഹങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, ഈ പരിമിതികള്‍ മറികടക്കാനാണ് കേരളം പോലീസ് ശ്രമിക്കുന്നത്.

കൊലപാതകത്തിന് സയനൈഡ് ഉപയോഗിച്ചതിന്‍റെ തെളിവുകള്‍ കണ്ടെത്തുക സാധ്യമാണെങ്കിലും അത് ഏറെ ശ്രമകരവുമാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതിനായി വിദേശ ലാബുകളുടെ സഹായം തേടുന്നുണ്ടെങ്കിലും സാഹചര്യതെളിവുകള്‍ ഇനിയും ശേഖരിക്കാന്‍ കഴിഞ്ഞാല്‍ കേസ് ശക്തമാകുമെന്നും ബെഹ്റ അറിയിച്ചു. ഓരോ കേസിലും പ്രത്യേകം എഫ്‌ഐആറുകള്‍ ഇടുകയാണ് ഉത്തമമെന്നും കേസിലെ എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബെഹ്റ പറഞ്ഞു. ആദ്യം കേസ് അന്വേഷിച്ചതിലെ പരാതിയെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.