കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ പ്രതികള്‍ക്ക് ജാമ്യമില്ല. കേസിലെ മുഖ്യ പ്രതി ജോളിയുടേയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയാണ് താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി.
അതേ സമയം സൗജന്യ നിയമസഹായം നല്‍കേണ്ടത് കോടതിയാണെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവഹികള്‍ കോടതിയില്‍ വാദിച്ചു. ബാര്‍ അസോസിയേഷനില്‍ അംഗമല്ലാത്ത പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്ക് സൗജന്യ വക്കാലത്ത് നല്‍കിയത് നിയമവിരുദ്ധമാണെന്നും വാദമുണ്ടായി. ജോളിയുടെ കേസിന്റെ വക്കാലത്ത് സംബന്ധിച്ചാണ് കോടതിയില്‍ വാദങ്ങളുണ്ടായത്.
എന്നാല്‍ ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും അവരതില്‍ സ്വമേധയാ ഒപ്പിട്ടതല്ലേയെന്നും കോടതി ചോദിച്ചു.
ജോളിയുടെ കേസിന്റെ വക്കാലത്ത് തങ്ങള്‍ക്കാണെന്ന് ആളൂര്‍ അസോസിയേറ്റ്‌സിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇല്ലെങ്കില്‍ അവര്‍ അത് നിഷേധിക്കട്ടെയെന്നും അഭിഭാഷകന്‍ പറഞ്ഞു.