Education Kerala

കെടിയുവിന് പരീക്ഷകള്‍ നടത്താം; പരീക്ഷ റദ്ദാക്കിയ ഉത്തരവിന് സ്റ്റേ

ബിടെക് പരീക്ഷകള്‍ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ഓഗസ്റ്റ് രണ്ട്, മൂന്ന് തിയതികളിലെ പരീക്ഷകള്‍ നടത്താനും കോടതി അനുമതി നല്‍കി. ഇന്ന് മാറ്റിവച്ച പരീക്ഷകള്‍ മറ്റൊരു ദിവസം നടത്താനും തീരുമാനമായി. സാങ്കേതി സര്‍വകലാശാലയുടെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സര്‍വകലാശാല നല്‍കിയ അപ്പീല്‍ പരിഗണിച്ചത്. ടെംടേബിള്‍ പ്രാകാരം നിശ്ചയിച്ചിട്ടുള്ള മറ്റ് പരീക്ഷകള്‍ നടത്താനും ഹൈക്കോടതി സര്‍വകലാശാലയ്ക്ക് അനുമതി നല്‍കി.
നേരത്തെ തന്നെ വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയാണ് പരീക്ഷയുമായി മുന്നോട്ട് പോയതെന്ന് സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. എന്നാല്‍ എട്ട് വിദ്യാര്‍ത്ഥികള്‍ ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിള്‍ ബെഞ്ച് മുന്‍പാകെ ഹര്‍ജിയുമായി എത്തുകയും അനുകൂലമായ ഉത്തരവ് വാങ്ങുകയുമായിരുന്നു. പരീക്ഷ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്. യുജിസി മാര്‍ഗരേഖ ലംഘിച്ചാണ് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ 2020ലെ യുജിസി മാര്‍ഗരേഖ പ്രകാരം ഓണ്‍ലൈന്‍ ആയോ ഓഫ് ലൈന്‍ ആയോ പരീക്ഷ നടത്താന്‍ അനുമതിയുണ്ടെന്ന സര്‍വ്വകലാശാല വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.