ഉച്ചത്തിൽ, ആരെയും ചിരിപ്പിക്കുന്ന, നിഷ്‌കളങ്ക ചിരി…കെ.ടി.എസ്. പടന്നയിൽ (KTS Padannayil) എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ ഓടിയെത്തുന്ന ചിത്രമാണ് അത്. ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, വൃദ്ധന്മാരെ സൂക്ഷിക്കുക, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കൺമണി, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നമ്മെ ചിരിപ്പിച്ചു കെ.ടി.എസ്. പടന്നയിൽ.
അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങളാണ് കെ.ടി.എസ് പടന്നയിൽ തന്റെ അഭിനയമികവ് കൊണ്ടും, സ്വാഭാവിക ഹാസ്യ ശൈലികൊണ്ടും മലയാളിയുടെ ഓർമയിൽ വേരുറപ്പിച്ചത്. കൊച്ചുപറമ്പിൽ തായി സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്. പടന്നയിൽ 1947ൽ ഏഴാം ക്ലാസിൽ വച്ച് സാമ്പത്തിക പരാധീനതകൾ മൂലം പഠനം അവസാനിപ്പിച്ചു. കുട്ടിക്കാലത്ത് കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ സ്ഥിരമായി ഒരു നാടകങ്ങൾ വീക്ഷിച്ചിരുന്നു. നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. ആ വാശിയിൽ നാടകം പഠിക്കുവാൻ അദ്ദേഹം തീരുമാനിച്ചു.
ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ ഒരു മുറുക്കാൻ കട തുടങ്ങി. രാജസേനന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.
പിന്നീട് ഇരുപതിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. സിനിമയ്ക്ക് പുറമെ സീരിയൽ നാടക രംഗത്തും അദ്ദേഹം സജീവമായിരുന്നു.
കെടിഎസ് പടന്നയിൽ വേഷമിട്ട ചിത്രങ്ങൾ :
വൃദ്ധന്മാരെ സൂക്ഷിക്കുക
ത്രീമെൻ ആർമി
കളമശ്ശേരിയിൽ കല്ല്യാണയോഗം
കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം
അനിയൻ ബാവ ചേട്ടൻ ബാവ
ആദ്യത്തെ കൺമണി
സ്വപ്നലോകത്തെ ബാലഭാസ്‌കരൻ
ദില്ലിവാല രാജകുമാരൻ
ന്യൂസ്‌പേപ്പർ ബോയ്
കോട്ടപുറത്തെ കൂട്ടുകുടുംബം
കഥാനായകൻ
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
അമ്മ അമ്മായിയമ്മ
ഇൻഡിപ്പെന്റൻസ്
മേഘസന്ദേശം
വാമനപുരം ബസ്‌റൂട്ട്
മലബാർ വെഡ്ഡിങ്ങ്
സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ
ബ്ലാക്ക് ഡാലിയ
അണ്ണാരക്കണ്ണനും തന്നാലായത്
കുഞ്ഞിരാമായണം
അമർ അക്ബർ അന്തോണി
സിനിമയിൽ ശ്രദ്ധേയനായിരുന്നിട്ട് കൂടി ജീവിത പ്രാരാബ്ധങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. വാർധക്യകാലത്തും തൃപ്പൂണിത്തുറയിലെ മുറുക്കാൻ കടയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചായിരുന്നു ജീവിതം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, ജീവിത ക്ലേശങ്ങൾക്കിടയിലും കെ.ടി.എസ് പടന്നയിലിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. ആ ചിരി തന്നെയാണ് മലയാളികളുടെ ഉള്ളിലെ ഇനിയുള്ള ഓർമയും…..