Kerala

രാജി വെയ്ക്കില്ല; ലോകായുക്ത വിധിക്ക് എതിരെ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും

മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കണമെന്ന ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി ജലീൽ ഹൈക്കോടതിയെ സമീപിക്കും അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് ജലീലിന്‍റെ നീക്കം. ജലീല്‍ സ്വന്തം നിലക്ക് ഹരജി നൽകും. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് അപ്പീൽ ഹരജിയിൽ ആവശ്യപ്പെടും. അവധിക്ക് ശേഷം ഏപ്രിൽ 13ന് മാത്രമേ ഹൈകോടതിയുടെ പ്രവർത്തനം പുനരാരംഭിക്കൂ. എന്നാല്‍ ലോകായുക്ത ആക്ട് 14 പ്രകാരമുള്ള ലോകായുക്തയുടെ നടപടി സര്‍ക്കാരിന് തള്ളിക്കളയാന്‍ സാധ്യമല്ലെന്നാണ് നിയമവിദഗ്ദര്‍ വ്യക്തമാക്കുന്നത്.

ഹൈകോടതിയും മുൻ കേരള ഗവർണ്ണറും സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി.സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്‍ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇന്നലെ തന്നെ ജലീല്‍ അറിയിച്ചിരുന്നു

ബന്ധു നിയമനത്തിൽ മന്ത്രി കെ. ടി ജലീൽ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ച മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി.

ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയിൽ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

വി.കെ. മുഹമ്മദ് ഷാഫി എന്നയാളാണ് ലോകായുക്തക്ക് പരാതി നൽകിയിരുന്നത്. സംസ്ഥാന സർക്കാർ, മന്ത്രി കെ.ടി. ജലീൽ, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്‌ദുൽ വഹാബ്, മാനേജിങ് ഡയറക്ടർ എ. അക്ബർ, കെ.ടി. അദീബ് എന്നിവരായിരുന്നു ഹരജിയിലെ എതിർകക്ഷികൾ. പരാതിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്നും മന്ത്രി പദത്തിന് യോജിച്ച നടപടിയല്ല കെ.ടി ജലീൽ സ്വീകരിച്ചതെന്നും ലോകായുക്ത കണ്ടെത്തി.

നിയമനം സംബന്ധിച്ച് വിവാദമുയർന്നതിനെ തുടർന്ന് അദീബ് നവംബർ 12ന് രാജിവെച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂേട്ടഷനിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചത്. ഈ പദവിയിലേക്ക് അദീബ് ഉൾപ്പെടെ ഏഴ് അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും 2016 ഒക്‌ടോബർ 26ന് നടന്ന ഇൻറർവ്യൂവിൽ മൂന്നുപേരേ പങ്കെടുത്തുള്ളൂ. അദീബിന് ബി.ടെക്കും പി.ജി.ഡി.ബി.എയും ആയിരുന്നു യോഗ്യത. അദീബായിരുന്നു അപേക്ഷകരിൽ യോഗ്യനായ ഏക വ്യക്തി എന്നായിരുന്നു ലോകായുക്തയിൽ മന്ത്രി നൽകിയ വിശദീകരണം. ഇത് തൃപ്തികരമല്ലെന്ന് ഉത്തരവിൽ പറയുന്നു. കേസിലെ വാദം നേരത്തേ പൂർത്തിയായെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ ആറിന് ശേഷമേ വിധി പ്രഖ്യാപിക്കാവൂവെന്ന് ജലീലിന്‍റെ അഭിഭാഷകൻ വിചാരണവേളയിൽ കോടതിയിൽ അഭ്യർഥിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്.