എം.പി സ്ഥാനം രാജിവെച്ച് വരുന്ന നിയമസഭയിലേക്ക് മത്സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെ.ടി ജലീല്‍. 2021ല്‍ ലീഗിന് ഭരണം ലഭിച്ചില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്ക് പോകുമോയെന്ന് ജലീല്‍ ഫേസ്‍ബുക്കിലൂടെ ചോദിച്ചു. യു.ഡി.എഫിന്റെ ഹെഡ്മാഷായി പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും ജലീല്‍ പരിഹസിച്ചു.
പടച്ചവനെ പേടിയില്ലെങ്കില്‍ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടെയെന്നും അദ്ദേഹം ചോദിച്ചു. നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണമെന്നും കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയുമെന്നും ജലില്‍ വിമര്‍ശിച്ചു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് മുസ്ലിം ലീഗ് പ്രവർത്തക സമിതി തീരുമാനിച്ചു. നിലവിൽ മലപ്പുറം പാർലമെൻറ് മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ തിരിച്ചുവിളിക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. യു.ഡി.എഫിനെ വിജയത്തിലേക്ക് കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.