Kerala

കെ ടി ജലീലിന്റെ രാജി ആവശ്യം തള്ളി ഇടതു മുന്നണി; എന്‍ഐഎ ചോദ്യം ചെയ്തതിന്‍റെ പേരില്‍ രാജി വേണ്ട

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യം സിപിഐഎം തള്ളി. രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എൻഐഎ ചോദ്യം ചെയ്തതിന്റെ പേരിൽ രാജി വേണ്ടെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവനും വ്യക്തമാക്കി.

കേസിൽ ഒന്നാം പ്രതിയായി വരേണ്ടത് വി മുരളീധരനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ ടി ജലീലിനെ പൂർണ വിശ്വാസമെന്ന് മന്ത്രി എ കെ ബാലൻ. വിഷയത്തിൽ ഇപ്പോൾ മറുപടി പറയേണ്ട ആവശ്യമില്ലെന്നും മന്ത്രി.

അടുത്ത ആഴ്ച സിപിഐഎം സിപിഐ നേതൃയോഗങ്ങൾ ചേരും. അതേസമയം സിപിഐഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി വിഷയത്തില്‍ പ്രതികരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. കൂടാതെ സിപിഐ നേതാവ് കാനം രാജേന്ദ്രനും രാജിക്ക് എതിരായാണ് പ്രതികരണം നടത്തിയത്.

അതേസമയം നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. കെ ടി ജലീൽ ഓഫീസിലെത്തിയത് രാവിലെ ആറ് മണിക്കാണ്. പൊലീസ് ക്ലിയറൻസിനായി കാത്ത് നിൽക്കുകയാണ്. മന്ത്രി പോകുന്ന വഴി പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.