പച്ച കലര്‍ന്ന ചുവപ്പ് എന്ന പേരില്‍ കെ ടി ജലീല്‍ എംഎല്‍എയുടെ പുസ്തകം വരുന്നു. സ്വര്‍ണക്കടത്ത് കേസും ലോകായുക്തയുടെ നീക്കങ്ങളും അടക്കം ജലീലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ വിവാദങ്ങളും വിശദമായി പരാമര്‍ശിക്കുന്ന പുസ്തകം ചില പുതിയ വെളപ്പെടുത്തലുകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാകും എന്നാണ് കെ ടി ജലീല്‍ വ്യക്തമാക്കുന്നത്. 2006ലെ കുറ്റിപ്പുറം തെരഞ്ഞെടുപ്പും തുടര്‍ന്നുണ്ടായ ലീഗ്, മാധ്യമ വേട്ടയെക്കുറിച്ചും പുസ്തകത്തിലുണ്ടെന്നാണ് ജലീല്‍ പറയുന്നത്. ട്വന്റിഫോറിനോടാണ് പുസ്തക രചനയുടെ വിശദാംശങ്ങള്‍ കെ ടി ജലീല്‍ വെളിപ്പെടുത്തിയത്.
ജസ്റ്റിസ് സിറിയക് ജോസഫിന്റെ മുന്‍കാല ചരിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ബോധ്യമുള്ള ചില വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ടാകുമെന്ന് ജലീല്‍ പറയുന്നു. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി അകലാനും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുക്കാനുമുള്ള കാരണങ്ങള്‍ വിശദീകരിക്കുന്നതാകും ജലീലിന്റെ പുസ്തകം.
എം ശിവശങ്കറിന്റെ ആത്കഥയ്ക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ജലീലിന്റെ പുസ്തകത്തെക്കുറിച്ചുള്ള പ്രഖ്യാപനവും പുറത്തെത്തുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെയും വേട്ടയാടിയെന്നും അതിന്റെ അനുഭവങ്ങള്‍ പുസ്തകത്തിലുണ്ടെന്നും ജലീല്‍ ട്വന്റിഫോറിനോട് പറഞ്ഞു. താന്‍ പുസ്തകത്തിന്റെ അന്തിമ പ്രവര്‍ത്തനങ്ങളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അരനൂറ്റാണ്ടുനീണ്ട ജീവിതത്തിലെ എല്ലാ സംഭവങ്ങളും അനുഭവങ്ങളും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ടെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.