സാങ്കേതിക സര്‍വ്വകലാശാലയില്‍ തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കാന്‍ മന്ത്രി കെ.ടി ജലീലിന്‍റെ നിയമവിരുദ്ധ ഇടപെടല്‍. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ പ്രത്യേക കമ്മിറ്റിയെ വെച്ച് മാര്‍ക്ക് ദാനം ചെയ്തു വിജയിപ്പിച്ചതിന് തെളിവ്. സര്‍വ്വകലാശാല നിയമങ്ങള്‍ മറികടന്ന് പ്രത്യേക അദാലത്ത് നടത്തിയാണ് വിദ്യാര്‍ഥിക്ക് വേണ്ടി മന്ത്രി ഇടപെട്ടത്. ടി.കെ.എം എഞ്ചിനീയറിങ് കോളജിലെ ബിടെക് വിദ്യാര്‍ഥി ശ്രീഹരിക്ക് ആറാം സെമസ്റ്റര്‍ ഡൈനാമിക്സ് പരീക്ഷക്ക് ലഭിച്ചത് 29 മാര്‍ക്ക്.
പുനര്‍മൂല്യനിര്‍ണയത്തിലും ജയിക്കാന്‍ വേണ്ട 45 മാര്‍ക്ക് കിട്ടിയില്ല. ലഭിച്ചത് 32 മാര്‍ക്ക് മാത്രം. വീണ്ടും മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. പക്ഷെ സര്‍വകലാശാല ചട്ടം അതിന് അനുവദിക്കുന്നില്ലെന്ന് കാട്ടി വൈസ് ചാന്‍സലര്‍ അപേക്ഷ തള്ളി. വി.സി അപേക്ഷ തള്ളിയത് ഫെബ്രുവരി 23ന്. എന്നാല്‍ ഫെബ്രുവരി 27ന് സര്‍വകലാശാല അദാലത്ത് നടത്തി. അദാലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ശ്രീഹരിയുടെ പരാതി പ്രത്യേക കേസായി പരിഗണിച്ച് വീണ്ടും പുനര്‍മൂല്യനിര്‍ണയം നടത്താനും പരാതി ശരിയെന്ന് തെളിഞ്ഞാല്‍ നേരത്തെ മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും ഉത്തരവിട്ടു.
മന്ത്രിയുടെ നിര്‍ദേശപ്രകാരം നടന്ന മൂല്യനിര്‍ണയത്തില്‍ ശ്രീഹരിയുടെ മാര്‍ക്ക് 48 ആയി ഉയര്‍ന്നു. മന്ത്രിയുടെ ഇടപെടലിന്‍റെ തെളിവുകള്‍ വിവരാകാശരേഖകളില്‍ വ്യക്തം. വിദ്യാര്‍ഥിക്ക് കൂടുതല്‍ മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കില്‍ നേരത്തെ രണ്ട് തവണ മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിക്കണം. എന്നാല്‍ അവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന ചോദ്യത്തിന് സര്‍വ്വകലാശാലക്ക് മറുപടിയുമില്ല. മന്ത്രിയുടെ ഇടപെടലിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.