മാര്‍ക്ക്ദാന വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും മന്ത്രി കെ.ടി ജലീല്‍. രമേശ് ചെന്നിത്തല ആരാന്റെ മക്കളുടെ കാര്യം നോക്കിയാല്‍ പോരാ. ഇടക്ക് സ്വന്തം മകന്റെ കാര്യം അന്വേഷിക്കണം. ചെന്നിത്തലയുടെ മകന്റെ വിജയത്തില്‍ അസ്വാഭാവികതയുണ്ടെന്നും ജലീല്‍ ആരോപിച്ചു. മോഡറേഷന്‍ നല്‍കുന്നത് വേണ്ടെന്ന് തീരുമാനിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും ജലീല്‍ ചോദിച്ചു.
ചെന്നിത്തലയുടെ മകന് സിവിൽ സർവീസ് അഭിമുഖ പരീക്ഷയിൽ അസാധാരണമായി മാർക്ക് ലഭിച്ചതില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിരുന്നു. 2017 ലെ സിവിൽ സർവ്വീസ് പരീക്ഷയിലാണ് ചെന്നിത്തലയുടെ മകന് അഭിമുഖ പരീക്ഷയിൽ അസാധാരണമാം വിധം ഉയർന്ന മാർക്ക് ലഭിച്ചിരിക്കുന്നത്.
അതേസമയം മാര്‍ക്ക് ദാന വിവാദത്തില്‍ ജലീലിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നും രംഗത്തെത്തി. തോറ്റ കുട്ടികളെ കൂട്ടത്തോടെ ജയിപ്പിക്കുന്ന അസാധാരണ നടപടിയാണ് നടന്നത്. പ്രൈവറ്റ് സെക്രട്ടറിക്ക് സർവ്വകലാശാലകളിലെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൌനം ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.