ഷാഫി പറമ്പിൽ എം.എൽ.എയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ സ്തംഭിച്ചു. പൊലീസ് നടപടി ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു. ഡയസിൽ കയറിയ എം.എല്‍.എമാർക്കെതിരെയുള്ള നടപടി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
രാവിലെ നിയമസഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധത്തിൽ ആയിരുന്നു. പ്ലക്കാർഡുകളും ബാനറുകളും രക്തത്തിൽ കുതിർന്ന ഷാഫി പറമ്പിൽ ബനിയനും ഉയർത്തി പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യുമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷ ആവശ്യം സ്പീക്കർ നിരസിച്ചതോടെ ചോദ്യങ്ങൾ ചോദിക്കാതെ പ്രതിപക്ഷം പ്രതിഷേധിച്ചു. ശൂന്യ വേളയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ടി ബൽറാം ഇന്നലെ പോലീസ് നടത്തിയത് നരനായാട്ട് ആണെന്ന് കുറ്റപ്പെടുത്തി. അസിസ്റ്റന്റ് കമ്മീഷണർ സുനീഷ് കുമാർ, സി.ഐ പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഷാഫി പറമ്പിലിനെ ആക്രമിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ബൽറാം ആവശ്യപ്പെട്ടു.
കെ.എസ്.യു പ്രവർത്തകർ അക്രമാസക്തരായതോടെയാണ് പോലീസിന് നടപടിയിലേക്ക് പോകേണ്ടി വന്നത് എന്നായിരുന്നു മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നൽകിയ മന്ത്രി ഇ.പി ജയരാജനെ വിശദീകരണം. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഷാഫി പറമ്പിൽ ആംബുലൻസിൽ നിന്നും ഇറങ്ങി പൊലീസ് വാഹനത്തിലേക്ക് കയറുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തൽ സർക്കാർ നയം അല്ല എന്ന് പറഞ്ഞ ഇ.പി ജയരാജൻ സംഭവം ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്നും ഉറപ്പുനൽകി.
പൊലീസുകാരെ സസ്പെൻഡ് ചെയ്യാതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്ന് പറഞ്ഞ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതിനിടെയാണ് അൻവർ സാദത്ത്, റോജി എം.ജോൺ, ഐ.സി ബാലകൃഷ്ണൻ എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് കയറിയത്. ഇവരെ പിന്തിരിപ്പിക്കാൻ എൽദോസ് കുന്നപ്പള്ളി വി.പി സജീന്ദ്രനും പിന്നാലെയെത്തി. ഇതോടെ സ്പീക്കർ സഭയിൽ ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് കക്ഷി നേതാക്കളുമായി സ്പീക്കർ നടത്തിയ ശേഷം ചർച്ച നടത്തിയ ശേഷമാണ് പുനരാരംഭിച്ചത്. ഡയസിൽ കയറിയ എം.എൽ.എമാരുടെ നടപടി സാമാന്യ മര്യാദയുടെ ലംഘനമാണെന്ന് പറഞ്ഞ സ്പീക്കർ നടപടി ആലോചിച്ച് സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മറ്റു നടപടികളിലേക്ക് സ്പീക്കർ കടന്നെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നതിനാൽ നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.