കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പിലും വാളയാര്‍ കേസിലെ വീഴ്ചയിലും പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു പ്രസിഡന്‍റ് അഭിജിത്ത് എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം എം.ജി റോഡില്‍ ഗതാഗതം തടസപ്പെട്ടു.
തലക്ക് ലാത്തിയടിയേറ്റെന്നും പൊലീസ് മര്‍ദിച്ചെന്നും എം.എല്‍.എ പറഞ്ഞു. സമാധാനപരമായി നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം കാട്ടിയത്. സഭയ്ക്ക് അകത്തും പുറത്തും സമരം തുടരുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.