Kerala

നേതാവ് അല്ലെങ്കിൽ ഭാര്യ, അതുമല്ലെങ്കില്‍ ബന്ധുവോ വീട്ടിലെ കോഴിയോ

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യു. തദേശ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് കെ.എസ്.യു. കൊല്ലം ജില്ലാ നേതൃയോഗത്തിൽ പ്രമേയം. പ്രമേയത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നു.

നേതാവ് അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ നേതാവിന്റെ ബന്ധു അതുമല്ലെങ്കിൽ നേതാവിന്‍റെ വീട്ടിലെ കോഴി ഈ രീതിയിലാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നതെന്ന് കെ.എസ്.യു.വിന്റെ പ്രമേയത്തിൽ പറയുന്നു. കുടുംബവാഴ്ചക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രമേയത്തില്‍ ഉള്ളത്. യൂത്ത് കോൺഗ്രസ് കെ.എസ്.യു നേതാക്കന്മാരെയും പ്രവർത്തകരെയും പടിക്കുപുറത്ത് നിർത്തിയാൽ പഞ്ചായത്ത് തലം മുതൽ കോർപ്പറേഷൻ തലം വരെ ജനസ്വീകാര്യതയുള്ള യുവജനങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുമെന്ന ഭീഷണിയുമുണ്ട്.

.നാലര വർഷത്തെ അജ്ഞാത വാസത്തിന് ശേഷം ആഡംബര കാറുകളിൽ എത്തി സീറ്റ് വാങ്ങാൻ ശ്രമിക്കുന്നവരെ നേതൃത്വം വിലക്കണമെന്ന് പ്രമേയം പറയുന്നു. യൂത്ത് കോൺഗ്രസ് കെ.എസ്.യു നേതാക്കന്മാരെയും പ്രവർത്തകരെയും ഒഴിവാക്കി നടത്തുന്ന സീറ്റ് വിഭജന ചർച്ചകൾ അവസാനിപ്പിക്കുവാൻ ഡിസിസി നേതൃത്വം തയ്യാറാകണമെന്നും പ്രമേയത്തിലൂടെ കെ.എസ്.യു. ആവശ്യപ്പെടുന്നു ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്ക് .ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ പ്രമേയം കൈമാറി.