India Kerala

ചാര്‍ജ്ജ് തീര്‍ന്നു; കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ പെരുവഴിയിലായി

ഉദ്ഘാടന ശേഷം നിരത്തിലിറക്കിയ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകള്‍ ചാർജില്ലാതെ നിന്നു. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് ഇലക്ട്രിക് ബസ് ദീർഘദൂര സർവീസിന് ഇറക്കിയതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ദീർഘദൂര സർവീസുകൾക്ക് ഇലക്ട്രിക് ബസ് ഉപയോഗിക്കുന്നത് തുടരുമെന്ന് എം.ഡി. എം.പി. ദിനേശ് അറിയിച്ചു.

തച്ചങ്കരിയുടെ പരീക്ഷണങ്ങൾ അതേ പടി തുടരുന്ന പുതിയ കെ.എസ്.ആർ.ഡി.സി എം.ഡി. എം.പി.ദിനേശിന് തുടക്കത്തിലെ പാളിച്ച. വേണ്ടത്ര ഒരുക്കങ്ങളില്ലാതെ ദീർഘദൂര സർവീസിന് ഇലക്ട്രിക് ബസ് ഇറക്കിയതാണ് ആക്ഷേപത്തിന് കാരണം. ഇന്ന് തിരുവനന്തപ്പുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ ബസ് ചാർജ് തീർന്ന് ചേർത്തല വച്ച് വഴിയിലായി. സാങ്കേതിക പ്രശ്‌നമാണെന്നും സർവീസുകൾ തുടരുമെന്നും എം.ഡി. എം പി.ദിനേശ് പറഞ്ഞു.

രണ്ടര മണിക്കുർ ചാർജ് ചെയ്താൽ 250 കിലോമീറ്റർ ഓടാൻ ബസിന് കഴിയും. ഹ്രസ്വദൂര യാത്രകൾക്ക് ഉത്തമമായ ബസിനെയാണ് ദീർഘദൂര സർവീസ് ഇന്നിറക്കിയത്. ആലപ്പുഴയിലും ഹരിപ്പാടും മാത്രമാണ് ചാർജിംഗ്‌ പോയിന്റുകൾ ഉള്ളത്. ദീർഘദൂര സർവീസുകളിൽ നിന്ന് ഉടനടി ഈ ബസുകൾ പിൻവലിക്കണമെന്നാണ് യൂണിയനുകളുടെയും ആവശ്യം.