India Kerala

യൂണിയനുകള്‍ ‘പണി’ തുടങ്ങി; ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്ന് ഇറക്കിവിട്ടു

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ തമ്പാനൂര്‍ ബസ് സ്റ്റാന്‍റില്‍ തടഞ്ഞ് ഇറക്കിവിട്ടു. എട്ട് മണിക്കൂറില്‍ താഴെ റണ്ണിങ് ടൈം ഉള്ള സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ ആവശ്യമില്ലെന്ന് പറ‍ഞ്ഞ് ഒരു വിഭാഗം കണ്ടക്ടര്‍മാരാണ് ജീവനക്കാരനെ ഇറക്കിവിട്ടത്. സംഭവത്തില്‍ ഡി.ടി.ഒയോട് റിപ്പോര്‍ട്ട് തേടിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഡ്രൈവർ കം കണ്ടക്ടർ രീതി നടപ്പാക്കിയ മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടിത നീക്കം.

തിരുവനന്തപുരം – പാലക്കാട് റൂട്ടില്‍ ഡ്യൂട്ടിക്കെത്തിയ ജിനോയെയാണ് തിരുവനന്തപുരത്ത് ഇറക്കി വിട്ടത്. ഇന്നുവരെ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ജിനോക്ക് ഇന്ന് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. തിരുവനന്തപുരം – പാലക്കാട് സർവീസ് ഇന്നു മുതൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനമില്ലെന്ന് പറഞ്ഞാണ് കണ്ടക്ടർമാർ തന്നെ ജിനോയെ തടഞ്ഞത്.

എട്ടുമണിക്കൂറില്‍ കൂടുതലുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകളിലാണ് ‌കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നേരത്തെ നടപ്പാക്കിയിരുന്നത്. ടോമിന്‍ തച്ചങ്കരി എം.ഡിയായതോടെ ഇത് കൂടുതല്‍ ദീര്‍ഘ ദൂര സര്‍വ്വീസുകളിലേക്ക് വ്യാപിപ്പിച്ചു. ഇതില്‍ തൊഴിലാളി യൂണിയനുകള്‍ക്കും ഒരുവിഭാഗം ജീവനക്കാര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കണ്ടക്ടറെ തടഞ്ഞതില്‍ പങ്കില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ വിശദീകരണം. യൂണിയനുകള്‍ പ്രകോപനപരമായി ഇടപെടാന്‍ പാടില്ലായിരുന്നുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

എട്ടുമണിക്കൂറില്‍ താഴെയുള്ള സര്‍വീസുകളില്‍നിന്ന് ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക ഒഴിവാക്കണമെന്ന് പിന്നീട് കണ്ടക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് പാലക്കാട് അടക്കമുള്ള 4 സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക ഒഴിവാക്കാൻ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു.