കെഎസ്ആർടിസി യിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു. അടുത്തമാസം ഒന്ന് മുതൽ കുറച്ച ടിക്കറ്റ് നിരക്ക് നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കൊവിഡിന് മുമ്പുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാർജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശയുണ്ട്. അത് സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ സ്‌കൂൾ തുറക്കൽ സംബന്ധിച്ച് നാളെ വൈകിട്ട് വിദ്യാഭ്യാസ മന്ത്രിയുമായി യോഗം ചേരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. ബസ് ഓൺ ഡിമാൻഡ് സർവീസ് യാഥാർത്ഥ്യമാക്കുന്നതിനെ പറ്റിയും ചർച്ച ചെയ്യും. വിദ്യാർത്ഥികളുടെ കൺസെഷൻ ഏത് രീതിയിലാണ് നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കും.
ബസ് ചാർജ് വർധനവും കൺസെഷൻ നിരക്ക് വർധനവും വേണമെന്ന് ശുപാർശയുണ്ട്. കൂടാതെ ലോഫ്ലോർ, സ്‌കാനിയ ബസുകളിൽ സൈക്കിൾ കൊണ്ടുപോകാൻ സൗകര്യം ഏർപ്പെടുത്തുമെന്നും ആന്റണി രാജു വ്യക്തമാക്കി. സൈക്കിൾ പ്രേമികളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി. ഇതിനുള്ള ക്രമീകരണം ബസുകളിൽ ഒരുക്കുമെന്ന് ആന്റണി രാജു ചൂണ്ടിക്കാട്ടി.