Kerala

സ്വിഫ്റ്റ് കമ്പനിയിലേക്ക് ആളെ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയുടെ വിജ്ഞാപനം; ഇടതുപക്ഷ അനുഭാവികളെ കുത്തി നിറക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷം

പുതിയതായി ആരംഭിക്കാന്‍ പോകുന്ന സ്വിഫ്റ്റ് കമ്പനിയിലേക്ക് ആളെ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയുടെ വിജ്ഞാപനം. ഉന്നതപദവിയിലേക്കാണ് നിയമനം. ഇടതുപക്ഷ അനുഭാവികളെ കുത്തി നിറക്കാനുള്ള ശ്രമമെന്ന ആരോപണവുമായി പ്രതിപക്ഷ യൂണിയനുകള്‍ രംഗത്തെത്തി.

ജനുവരി 26ന് സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാനായിരുന്നു ആദ്യമെടുത്ത തീരുമാനം. യൂണിയനുകളുടെ ഭാഗത്തു നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം നീട്ടി. പ്രഖ്യാപനം നീട്ടിയെങ്കിലും നടപടിക്രമങ്ങളുമായി സി.എം.ഡി മുന്നോട്ടു പോവുകയാണ്. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ അഞ്ച് പ്രാധാനപ്പെട്ട പോസ്റ്റുകളിലേക്ക് ആളെ ആവശ്യപ്പെട്ട് നിയമന വിജ്ഞാപനമിറക്കി. 75,000 മുതല്‍ ഒന്നര ലക്ഷം രൂപവരെയാണ് ശമ്പളം. താത്കാലിക നിയമനമാണെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനമിറങ്ങിയതിനു പിന്നാലെ എതിര്‍പ്പുമായി യൂണിയനുകളുമെത്തി.

പിരിച്ചുവിട്ട എംപാനലുകാരെ സ്വിഫ്റ്റില്‍ നിയമിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കമ്പനി രൂപീകരണത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാലേ ഇക്കാര്യത്തിലേക്ക് മാനേജ്മെന്റ് കടക്കൂ. 10 വര്‍ഷം തികച്ചവരെയാണ് സ്വിഫ്റ്റിലേക്ക് പരിഗണിക്കുന്നത്.