കെ.എസ്.ആര്‍.ടി.സിയില്‍ യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയന്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ബസ് ഗതാഗതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്ത് 40 ശതമാനം സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് ഡ്യൂട്ടിക്കെത്തിയ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. സമരം ചെയ്യുന്ന ജീവനക്കാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ജീവനക്കാരുടെ സംഘടനകളുമായി അടുത്ത ആഴ്ച മന്ത്രി ചര്‍ച്ച നടത്തും.
പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെയും കാഴ്ച ഇതായിരുന്നു. ആവശ്യത്തിന് ബസുകളില്ല. ഉളള ബസുകളില്‍ കയറാന്‍ തിക്കും തിരക്കും. ദീര്‍ഘ ഹ്രസ്വദൂര സര്‍വീസുകളെ സമരം സാരമായി ബാധിച്ചു. ഉച്ചവരെയുള്ള കണക്കനുസരിച്ച് അയ്യാരിത്തോളം സര്‍വീസുകള്‍ നടത്തേണ്ടിടത്ത് മൂവായിരത്തില്‍ താഴെ സര്‍വീസുകള്‍ മാത്രമാണ് നടന്നത്. ദീര്‍ഘദൂര ബസുകള്‍ പുറപ്പെടുന്ന തിരുവനന്തപുരം തമ്പാനൂരെ ഡിപ്പോയില്‍ 40 ബസുകള്‍ പുറപ്പെടേണ്ടിടത്ത് 12 ബസുകള്‍ മാത്രമാണ് പുറപ്പെട്ടത്.
ആലപ്പുഴയില്‍ 110 ഉം കാസര്‍കോട് 46 ഉം കൊല്ലത്ത് 75 ഉം സര്‍വീസുകള്‍ മുടങ്ങി. സമരാനുകൂലികള്‍ ഡിപ്പോകളില്‍ പ്രതിഷേധ പ്രകടനം നടത്തി ശമ്പളം മുടങ്ങുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ട്രാന്‍പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഏകദിന സൂചനാ പണിമുടക്ക് നടത്തിയത്.