Kerala

മഴക്കെടുതി; കെഎസ്ആര്‍ടിസിയുടെ സേവനം സജ്ജമാക്കിയെന്ന് മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ആര്‍ടിസി സേവനം സജ്ജം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള 5 റെസ്‌ക്യൂ-കം-ആംബുലന്‍സ് ബോട്ടുകള്‍ തയ്യാറാക്കി നിര്‍ത്തും. മണ്ണിടിച്ചില്‍ ഉള്ള പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസ് താല്ക്കാലികമായി നിര്‍ത്തിവയ്ക്കാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യുടെ സേവനം വിട്ടു നല്‍കാനും മന്ത്രി നിര്‍ദ്ദശിച്ചു.

ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ.മാര്‍ അതാത് പ്രദേശങ്ങളിലെ ജെസിബി, ടിപ്പര്‍, ക്രെയിന്‍, ആംബുലന്‍സ്, ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നാല്‍ ആവശ്യമായ വാഹനങ്ങള്‍ എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കും. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. ജില്ലാ കളക്ടറേറ്റിലുള്ള ദുരന്തനിവാരണ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി.