India Kerala

അറ്റകുറ്റപണികള്‍ അവതാളത്തില്‍; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നത് തുടര്‍കഥയാവുന്നു

കെ.എസ്.ആര്‍.ടി.സി ബസുകളുടെ അറ്റകുറ്റ പണികള്‍ അവതാളത്തിലായതോടെ സര്‍വീസുകള്‍ മുടങ്ങുന്നത് തുടര്‍ക്കഥയാവുന്നു. ആവശ്യത്തിന് സ്പെയര്‍ പാര്‍ട്സുകള്‍ ഇല്ലാത്തതിനാല്‍ സര്‍വീസ് മുടങ്ങിയ നിരവധി ബസുകള്‍ ഇപ്പോള്‍ കട്ടപ്പുറത്താണ്. സ്വകാര്യ ലോബികളെ സഹായിക്കാനുള്ള മാനേജ്മെന്‍റ് നീക്കമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം.

മിക്ക കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും കട്ടപ്പുറത്ത് കിടക്കുന്ന ബസ്സുകളില്‍ പലതിനും ചെറിയ അറ്റകുറ്റപ്പണികള്‍ മതിയാകും. എന്നാല്‍ ആവശ്യത്തിന് സ്പെയര്‍പാര്‍ട്സുകള്‍ ഇല്ലാത്തതിനാല്‍ ഓരോ ഡിപ്പോകളിലും കേടുപാടുകള്‍ തീര്‍ക്കാനായി കെട്ടിക്കിടക്കുന്ന ബസുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്. വയനാട്ടിലെ ഏറ്റവും സജീവമായ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ മാത്രം ഇപ്പോള്‍ 26 സര്‍വീസുകളാണ് സ്പെയര്‍പാര്‍ട്സില്ലാത്തതിനാല്‍ മുടങ്ങിയത്.

മാനേജ്മെന്‍റിന്‍റെ അലംഭാവം കാരണമാണ് പല ഡിപ്പോകളും നഷ്ടത്തിലായിക്കൊണ്ടിരുക്കുന്നതെന്നാണ് തൊഴിലാളികളുടെ ആരോപണം. സ്വകാര്യ ലോബികളെ സഹായിക്കുന്ന നിലപാടുകളാണ് മാനേജ്മെന്‍റ് തുടരുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രക്ഷോപമാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം ജീവനക്കാര്‍.