Kerala

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സിഐടിയു സമരം ഇന്ന് മുതൽ

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് സിഐടിയു ഇന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുകയാണ് തൊഴിലാളി യൂണിയനുകൾ. ചീഫ് ഓഫിസിന് മുന്നിലാണ് സിഐടിയു അനിശ്ചിത കാല സമരവും രാപ്പകൽ സമരവും നടത്തുന്നത്.

സമരമല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് ബിഎംഎസും അറിയിച്ചിട്ടുണ്ട്. ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ മാനേജ്മെന്റ് വിളിച്ച യോഗം തൊഴിലാളി സംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് യൂണിയനുകൾ യോഗം ബഹിഷ്‌കരിച്ചത്.

മാനേജമെന്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധികൾക്ക് കാരണമെന്നും യൂണിയൻ നേതാക്കൾ വ്യക്‌തമാക്കി. ആദ്യം ശമ്പളം ഉറപ്പാക്കൂ, അത് കഴിഞ്ഞാകാം ചർച്ച എന്ന നിലപാട് സ്വീകരിച്ചാണ് സിഐടിയു സമരത്തിലേക്ക് കടക്കുന്നത്.