ബസുകളുടെ സമയം ക്രമീകരിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകളുടെ സമയത്തിലാണ് ഏകീകരണം നടപ്പിലാക്കുന്നത്. അതേ സമയം പുതിയ ക്രമീകരണം പല ഷെഡ്യൂളുകളും റദ്ദാക്കുന്നതിന് കാരണമാകുമെന്നാണ് സൂചന. ഒരു സ്ഥലത്തേക്ക് തന്നെ ഒന്നിന് പിറകെ ഒന്നായി ബസുകള്‍ ഓടുന്ന രീതി അവസാനിപ്പിക്കാനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസിഞ്ചര്‍ തുടങ്ങിയ ബസുകളെയാണ് സമയം ക്രമീകരണം ബാധിക്കുക.
ഏകീകരണം നടപ്പിലാകുന്നതോടെ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും 15 മിനിറ്റ് ഇടവിട്ടാകും സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുക. 10 മിനിറ്റില്‍ ഒരു ഫാസ്റ്റും ഒരു മണിക്കൂര്‍ ഇടവിട്ട് എസി ബസും പോകുന്ന രീതിയിലായിരിക്കും ക്രമീകരണം. നിലവില്‍ രണ്ട് മിനിറ്റ് ഇടവിട്ട് പലസ്ഥലങ്ങളിലേക്കും യാത്രക്കാർ ഇല്ലെങ്കിലും ഒന്നിലേറെ ബസുകൾ ഒരുമിച്ചു പോകുന്ന അവസ്ഥയുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ-എറണാകുളം-തിരുവനന്തപുരം റൂട്ടിൽ മേയ് രണ്ടു മുതൽ ഈ രീതിയിലായിരിക്കും സര്‍വ്വീസുകള്‍ നടത്തുക. ഒരു മാസത്തെ നീരീക്ഷണത്തിനുശേഷം സംസ്ഥാനത്ത് മുഴുവൻ ഇത് നടപ്പാക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. അതേ സമയം പുതിയ സമയം ക്രമീകരിക്കുന്നതോടെ പല ഷെഡ്യുകളും മാറ്റേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഇത്തരം ഷെഡ്യുളുകളെ ആവശ്യകതയനുസരിച്ച് പുതിയ റൂട്ടുകളിലേക്ക് മാറ്റാനാകും കെ.എസ്.ആര്‍.ടി.സി ഒരുങ്ങുന്നത്.