India Kerala

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; വീണ്ടും ഹൈക്കോടതിയെ സമീപിക്കും

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ പ്രതിസന്ധി മറി കടക്കാൻ വീണ്ടും ഹൈകോടതിയെ സമീപിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ദിവസ വേതനത്തിൽ താത്കാലിക ഡ്രൈവർമാരെ കോർപ്പറേഷനിൽ നിയമിക്കേണ്ടി വരുമെന്ന ആവശ്യം ഹൈകോടതിയെ അറിയിക്കും. തിരക്കുള്ള ദിവസം യാത്രാ ക്ലേശം പരിഹരിക്കാൻ ഒരു ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കാൻ കഴിയുമോ എന്ന സാധ്യത തേടാനും തീരുമാനിച്ചു. അതേ സമയം പ്രതിസന്ധി കാരണം ഇന്ന് 637 സർവീസുകൾ റദ്ദാക്കി.

ബദൽ മാർഗം തേടി ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയിലാണ് വീണ്ടും ഹൈക്കോടതിയെ കാര്യങ്ങൾ ധരിപ്പിക്കാൻ തീരുമാനിച്ചത്.അടിയന്തിര ഘട്ടത്തിൽ ദിവസ വേതനത്തിൽ താത്കാലിക ഡ്രൈവർമാരെ കോർപ്പറേഷനിൽ നിയമിക്കേണ്ടി വരുമെന്ന ആവശ്യം ഹൈകോടതിയെ അറിയിക്കും.

കൂടാതെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരക്കുള്ള ദിവസം യാത്രാ ക്ലേശം പരിഹരിക്കാൻ ഒരു ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കാൻ കഴിയുമോ എന്ന സാധ്യത തേടാൻ കോർപ്പറേഷൻ എം.ഡിയെ ചുമതലപ്പെടുത്തി. അതേ സമയം കെ.എസ്.ആർ.ടി.സിയിൽ പിൻവാതിൽ നിയമനമെന്നത് ഹൈക്കോടതിയുടെ മുൻ വിധിയാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്താകെ 637 സർവീസുകൾ മുടങ്ങി.തെക്കൻ മേഖലയിൽ 339 ഉം സെൻട്രൽ മേഖലയിൽ – 241ഉം വടക്കൻ മേഖലയിൽ – 57 ഉം സർവീസുകളാണ് മുടങ്ങിയത്.