കെ.എസ്.ആര്.ടി.സി എംപാനല്‍ ജീവനക്കാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കണ്ടക്ടര്‍ ലൈസന്‍സുമുള്ളവര്‍ക്ക് ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 3861 എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്.ടി.സി പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് 47 ദിവസമായി എംപാനല്‍ ജീവനക്കാര്‍ സമരത്തിലായിരുന്നു. ഈ മാസം അഞ്ച് മുതല്‍ അനിശ്ചിതകാല നിരാഹരസമരം ആരംഭിച്ചത്. വി.എസ് ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളുടെ പിന്തുണയും ഈ സമരത്തിന് ലഭിച്ചു. തുടര്‍ന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്.
സമരം വിജയമാണെന്നും സര്‍ക്കാരിന് നേരത്തെ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും എംപാനല്‍ ജീവനക്കാരുടെ കൂട്ടായ്മ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പേ എംപാനല്‍ ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാനായതിന്റെ ആശ്വാസത്തിലാണ് സര്‍ക്കാര്‍.