Kerala

പ്രതിമാസ വരുമാനം നൂറുകോടി പിന്നിട്ട് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 113.77 കോടി യാണ്. 106.25കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്ന് ലഭിച്ചു. 4.40 കോടി രൂപയാണ് നോണ്‍ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്നും ലഭിച്ചത്.

ജീവനക്കാര്‍ക്കുവേണ്ടി ഒക്ടോബര്‍ മാസം മാത്രം 94.25 കോടി രൂപ വിതരണം ചെയ്തു. കൊവിഡ് രണ്ടാം തരംഗത്തിനുശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം 100 കോടി കടക്കുന്നത്.

അതേസമയം കെഎസ്ആര്‍ടിസിയില്‍ രൂക്ഷമായ ശമ്പളപരിഷ്‌കരണത്തില്‍ ഇതുവരെയും തീരുമാനമായില്ല. ഈ മാസം ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘനടകള്‍ നടത്തിയ ദ്വിദിന പണിമുടക്കില്‍ ആദ്യദിവസം മാത്രം കെഎസ്ആര്‍ടിസിക്കുണ്ടായത് ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപയാണ്.

4,42,63,043 രൂപയാണ് ഈ മാസം നാലാം തീയതിയിലെ വരുമാനം. 3,307 സര്‍വീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് ഈ ദിവസം ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. അതേസമയം ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്.