Kerala

കെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍; ഗതാഗതമന്ത്രി

കെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. സമരം തുടരുമെന്നും പണിമുടക്കിലേക്ക് കടക്കില്ലെന്നും യൂണിയനുകള്‍ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഒരുറപ്പും ലഭിക്കാത്തതിലും സംഘടനകള്‍ക്ക് അമര്‍ശമുണ്ട്.

മൂന്ന് അംഗീകൃത യൂണിയനുകളുമായി ഇന്നലെ മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. അക്രമസമരങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും ചര്‍ച്ച തുടരുമെന്നും മന്ത്രി പറഞ്ഞു. ശമ്പളപ്രതിസന്ധി തുടരുന്നതിനിടെയാണ് ചർച്ച നടത്തിയത്. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഉടന്‍ ശമ്പളം നല്‍കിതീര്‍ക്കുമെന്ന് മന്ത്രി അറിയിച്ചത്. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു.ചര്‍ച്ച ഗുണകരമായെന്ന് പ്രതികരിച്ച സിഐടിയും സമരം തുടരുമെന്ന നിലപാടാണ് സ്വീകരിച്ചത്.

അനിശ്ചിതകാലപണിമുടക്കിലേക്ക് കടക്കില്ലെങ്കിലും സമരം ശക്തമാക്കാനാണ് ഇരു സംഘടനകളുടേയും തീരുമാനം. ചര്‍ച്ചയില്‍ പൂര്‍ണതൃപ്തരല്ലെന്നും സമരം തുടരുമെന്നും ടി.ഡി.എഫ്, ബിഎംഎസ് സംഘടനകള്‍ അറിയിച്ചു.