ഒരു കിലോമീറ്ററിന് ലഭിച്ചത് 16 രൂപയും ചെലവായത് 26 രൂപയുമാണ്. ഇന്ധനച്ചെലവിനത്തില്‍ മാത്രം 21 ലക്ഷം രൂപ തിരിച്ചുകിട്ടിയില്ല.
ലോക്ഡൌണിന് ശേഷം ഓടിത്തുടങ്ങിയ ആദ്യദിനം കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടം. ഇന്ധനച്ചെലവിനത്തില്‍ മാത്രം 21 ലക്ഷം രൂപ തിരിച്ചുകിട്ടിയില്ല. ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെ ചെലവുകള്‍ കണക്കാക്കുമ്പോള്‍ നഷ്ടം 60 ലക്ഷം കവിയും.
ഇന്നലെ 1319 സര്‍വീസുകളിലായി കെഎസ്ആര്‍ടിസി ആകെ ഓടിയത് 2,12,310 കിലോമീറ്റര്‍. ടിക്കറ്റിനത്തില്‍ വരവ് 35,32,465 രൂപ. കിലോമീറ്ററിന് 16 രൂപ 64 പൈസ വരുമാനം. ഡീസലും അനുബന്ധ ചെലവുകളുമായി കിലോമീറ്ററിന് 26 രൂപ 78 പൈസയാണ് ചെലവ്. ചെലവും വരവും തമ്മിലെ അന്തരം 10 രൂപ 14 പൈസ. മൊത്തം 21 ലക്ഷത്തിനടുത്ത് നഷ്ടം.
ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം ചേര്‍ത്ത് കിലോമീറ്ററിന് 45 രൂപയെങ്കിലും വരുമാനമുണ്ടായാലേ നഷ്ടമൊഴിവാക്കാനാകൂ. അങ്ങനെ നോക്കുമ്പോള്‍ ആകെ വരുമാനത്തിലെ കുറവ് 60 ലക്ഷം രൂപ. ആദ്യദിനത്തെ അപേക്ഷിച്ച് ഇന്ന് പൊതുവെ യാത്രക്കാര്‍ കൂടുതലാണ്. അതുകൊണ്ട് ഇന്നലത്തേക്കാള്‍ 109 സര്‍വീസുകള്‍ അധികം ഓടിക്കുന്നുണ്ട്. കളക്ഷന്‍ മെച്ചപ്പെടുമെന്ന് തന്നെയാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. എങ്കിലും സാമൂഹിക അകലം പാലിക്കാന്‍ പകുതി യാത്രക്കാരെ മാത്രമെ അനുവദിക്കൂവെന്നതിനാല്‍ നഷ്ടം ഒഴിവാക്കാനാകില്ലെന്നാണ് കെഎസ്ആര്‍ടിസി വിലയിരുത്തല്‍.