Kerala

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സർവീസ് നടക്കുക. നാളെ 206 ദീർഘദൂര സർവീസുകളാകും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് ദീർഘദൂര സർവീസുകൾ നിർത്തിവച്ചത്. യാത്രക്കാർ പൊതുഗതാഗതത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചത്. കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയിൽ നിന്നാകും താത്കാലിക സംവിധാനം ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു.

ബസ് സർവീസ് നിർത്തിവയ്ക്കുന്നത് ഈ കാലത്ത് ഗുണകരമാണോ എന്ന് സ്വകാര്യ ബസ് ഉടമകളും ചിന്തിക്കണം. പൊതുഗതാഗത്തെ ജനങ്ങൾ കയ്യൊഴിയുകയാണെന്ന് ഇവർ മനസിലാക്കണം. സ്വകാര്യ ബസുകൾക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ട് മാസത്തേക്ക് നീട്ടി നൽകിയതായും മന്ത്രി അറിയിച്ചു.